Thursday, May 30, 2013

ഒരു മലയാളിക്കവിത





കഥയിലൊരിക്കല്‍ (കൂരിരുട്ടില്‍)
ഇര തേടി അമീബയും
പുറത്തിറങ്ങിയത്
വിശന്നിട്ടായിരുന്നു.

തീന്‍മേശയില്‍
പൊരിഞ്ഞതും കരിഞ്ഞതും
പലനിറത്തില്‍ പോളീഷ്
ചെയ്ത വിഭവങ്ങള്‍
നമുക്ക് വിളമ്പുന്നതും
വിശപ്പുതന്നെ.

നെല്‍ വയല്‍ വരമ്പുകളും
നിറഞ്ഞൊഴുകും അരുവികളും
ഇന്ന്
കാന്‍വാസില്‍ വരക്കുകയാണ്
മലയാളികള്‍!

പച്ചപ്പുവാരിപ്പുണര്‍ന്നിരുന്ന
ഇടനാഴികകളില്‍
ദൈവം പോലുമറിയാതെ
'കെട്ടിടക്കാടുകള്‍'
പണിയുകയാണ്
മലയാളികള്‍!

സത്യം,
ഇനിയൊരു തലമുറക്കുമിടയില്ല
ഒരു തുണ്ടുഭൂമിയിലെങ്കിലും
ഒരു തളിര്‍ തളിര്‍ത്തുകാണുവാന്‍.

കരകവിഞ്ഞൊഴുകുവാന്‍
കരയില്ല, പുഴയില്ല
തെളിനീര്‍ മിഴിക്കും
നീര്‍ചാലുകളും.

എന്തിനിനീ ഭയം?
മലയാളിക്ക് ദാഹമകറ്റാന്‍-ബാഗില്‍
'ഫില്‍റ്റര്‍' ചെയ്ത വാട്ടര്‍ ബോട്ടിലുണ്ട്.

ഇനിയൊരിടമില്ല
സ്വജഡമൊന്ന് കുഴിച്ചുമൂടാന്‍
ശവക്കല്ലറയിലൊരു ചെമ്പരത്തിപ്പൂ
പറിച്ചുവെക്കാന്‍-ഈ
വികസിച്ച മലയാളിക്ക്.

No comments:

Post a Comment